This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യുപ്പലേഷന്‍ പ്രക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യുപ്പലേഷന്‍ പ്രക്രിയ

സ്വര്‍ണം, വെള്ളി തുടങ്ങിയ വിലകൂടിയവയും ഓക്സീകരണക്ഷമമല്ലാത്തവയുമായ ലോഹങ്ങളെ വിലകുറഞ്ഞ ലോഹമാലിന്യങ്ങളില്‍നിന്ന് വേര്‍തിരിക്കാനുപയോഗിക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയ. താരതമ്യേന ലളിതമായ ഈ പ്രക്രിയ ഉപയോഗിച്ച് ലെഡ്, ചെമ്പ്, സിങ്ക്, ടിന്‍ തുടങ്ങിയ ലോഹമാലിന്യങ്ങളെ നീക്കം ചെയ്യാം. ശുദ്ധീകരിക്കേണ്ട ലോഹത്തെ ക്യുപ്പല്‍ എന്നുവിളിക്കുന്ന പരന്ന ക്രൂസിബിളില്‍ എടുക്കണം. സുഷിരിതവും വളരെ ഉയര്‍ന്ന ഊഷ്മാവ് താങ്ങാന്‍ കഴിവുള്ളതുമായ വസ്തുക്കള്‍ കൊണ്ടാണ് ക്യുപ്പല്‍ നിര്‍മിക്കുന്നത്. അസ്ഥിഭസ്മം (bone-ash) ഇതിന് ഏറ്റവും അനുഗുണമാണ്.

ശുദ്ധീകരിക്കേണ്ട ലോഹംനിറച്ച ക്യുപ്പലിനെ വളരെ ഉയര്‍ന്ന ഊഷ്മാവില്‍ ശക്തമായ വായുപ്രവാഹത്തിന്റെ സാന്നിധ്യത്തില്‍ വറുക്കണം. ഈ പ്രക്രിയ പ്രത്യേകം തയ്യാറാക്കിയ ഒരു പരാവര്‍ത്തകച്ചൂളയില്‍ വേണം നടത്തേണ്ടത്. ചൂളയുടെ അടുപ്പ് (hearth) ഇളക്കി മാറ്റാവുന്നതും ക്യുപ്പല്‍ സുരക്ഷിതമായി ഉറപ്പിച്ചു വയ്ക്കാന്‍ സൗകര്യമുളളതുമായിരിക്കണം. ചൂളയില്‍ തീ ഇടുകയും ലോഹത്തിന്റെ ഉപരിതലത്തില്‍ക്കൂടി വായുപ്രവാഹം കടത്തിവിടുകയും ചെയ്യുമ്പോള്‍ ലോഹമാലിന്യങ്ങള്‍ ഓക്സീകരിക്കപ്പെടുന്നു. അങ്ങനെ ഉണ്ടായ ഓക്സൈഡുകളില്‍ ഒരു മുഖ്യപങ്ക് വായുപ്രവാഹത്തില്‍പ്പെട്ടു പുറത്തുപോവുകയും അവശേഷിക്കുന്നവ ക്യുപ്പലിന്റെ സുഷിരങ്ങളില്‍ ആഗിരണവിധേയമാവുകയും ചെയ്യും. മാലിന്യങ്ങള്‍ മുഴുവന്‍ പുറത്തുപോയിക്കഴിഞ്ഞാല്‍ ക്യുപ്പലില്‍ അവശേഷിക്കുന്ന ലോഹത്തിന് നല്ല തിളക്കമുണ്ടാവും. ഓക്സീകരണ പ്രക്രിയ പൂര്‍ത്തിയായതിന്റെ സൂചനയാണ് ഇതു കാണിക്കുന്നത്. ക്യുപ്പലേഷന്‍ വളരെ പ്രയോജനപ്രദവും ചെലവു കുറഞ്ഞതുമായ ശുദ്ധീകരണ പ്രക്രിയയാണെങ്കിലും ഇതുപയോഗിച്ച് നൂറു ശതമാനം ശുദ്ധമായ ലോഹം നിര്‍മിക്കാന്‍ സാധ്യമല്ല.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍